Showing posts with label vishu kerala festival. Show all posts
Showing posts with label vishu kerala festival. Show all posts

15 April 2019

ഉപ്പിലിട്ട വിഷുക്കണി

"ഹലോ, ഹാപ്പി വിഷു."
"വിഷു ആശംസകള്‍ " 
"എവിടാ നാട്ടിലാണോ?"
"അല്ല. ഇവിടെത്തന്നെ, മുംബയില്‍."
"വിഷുക്കണിയൊക്കെ ഒരുക്കിയോ?"
"ഓഫീസിലാരെങ്കിലും വിഷുക്കണി വെക്കുമോ?"
"ഓഫീസിലാ, വിഷുവായിട്ട്‌ ലീവെടുത്തില്ലേ?"
"ഇല്ല. പണ്ടും എടുക്കാറില്ലല്ലോ."
"വീട്ടില്‍ വിഷുക്കണിയൊന്നും ഒരുക്കിയില്ലേ?"
"ഇല്ല. ആ പരിപാടിയും പണ്ടേ ഇല്ലല്ലോ"
"അതൊക്കെ ചെയ്യണ്ടേ? നമ്മളൊക്കെ മലയാളികളല്ലേ? "
"അതിന് ഉരുളിയും, ചക്കയും, വെള്ളരിക്കയും ഒക്കെ എവിടെ കിട്ടാനാ? എന്തിന് ഒരു നിലവിളക്കുപോലും വീട്ടില്‍  ഇല്ല."
"നിലവിളക്കുപോലും ഇല്ലേ? എന്നും വിളക്ക് കൊളുത്താറുമില്ലേ?"
"ഇല്ലല്ലോ. അല്ലാ ഒരു സംശയം. നമ്മളൊക്കെ  എന്നും താമസിച്ചല്ലേ വീട്ടില്‍ എത്തുന്നത്?"
"അതിന് ഞാന്‍ രാവിലെ നിലവിളക്ക് കത്തിക്കുന്നുണ്ടല്ലോ?"
"രാവിലെ സന്ധ്യാദീപം തെളിക്കുന്ന രീതി ഞങ്ങളുടെ നാട്ടില്‍ ആരും ചെയ്തതായി കേട്ടറിവുപോലുമില്ല."
"പക്ഷെ വിഷുവായിട്ട്‌, വിഷുക്കണി പോലും വെച്ചില്ലെങ്കില്‍ പിന്നെയെങ്ങിനെ നമ്മുടെ കുട്ടികള്‍ ഇതൊക്കെ മനസ്സിലാക്കും?"
"അതിനല്ലേ പത്രവും, ടിവിയും, ഇന്‍റര്‍നെറ്റും ഒക്കെ? എല്ലാം ലൈവല്ലേ ഇപ്പോള്‍?"
"അവര്‍ നമ്മുടെ സംസ്കാരം അറിയണം. എന്നാലേ അവര്‍ക്ക് നാടിനോട് ഒരു അടുപ്പവും സ്നേഹവും ഒക്കെയുണ്ടാവൂ. "
"വീട്ടില്‍ കണി വെച്ചോ?"
"ചെറുതായിട്ട്"
"അതെന്താ ചെറുതായിട്ട് ?"
"ഞങ്ങള്‍ കിളവനും കിളവിയുമല്ലേ ഉള്ളൂ."
"മകനെവിടെയാ? പഠിപ്പൊക്കെ കഴിഞ്ഞില്ലേ? കല്യാണം കഴിഞ്ഞില്ലല്ലോ?"
"പഠിത്തം കഴിഞ്ഞു. കല്യാണം ആയില്ല. അവന്‍ കാനഡായില്‍ സെറ്റില്‍ ആയി"
"നിങ്ങള്‍ രണ്ടുപേര്‍ മാത്രം ഇവിടെ. അല്ലേ?"
"അടുത്തമാസം ഞങ്ങളും പോകുവാ അവന്‍റെ അടുത്തേയ്ക്ക്."
"നാട്ടിലെ വീടോ?"
"അതു വിറ്റിട്ടല്ലേ ഇവിടെ ഫ്ലാറ്റ് മേടിച്ചത്"
"ഇവിടത്തെ ഫ്ലാറ്റോ ?"
"അതു കഴിഞ്ഞ ആഴ്ച വിറ്റല്ലോ. ഇപ്പോള്‍ വാടകയ്ക്കാ താമസിക്കുന്നത്."
"ഇനിയൊരു തിരിച്ചുവരവില്ല അല്ലേ?"
"അവനവിടെ ഒറ്റയ്ക്കല്ലേ?"
"ഇനിയുള്ള ഓണവും വിഷുവും ഒക്കെ അവിടെയായിരിക്കും?"
"അവിടെ അതൊക്കെ ഭയങ്കര ആഘോഷമല്ലേ?"
"എന്നാലും നാടും, നാട്ടിലെ ഓണവും വിഷുവും..."
"നാട്ടിലൊന്നും ഇപ്പോള്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാ. കൊല്ലും, കൊലയും, പീഡനവും ..."
"അതെ അതെ എന്നാലും... ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?"
"വെക്കട്ടെ, പിന്നെ വിളിക്കാം ആരോ ബെല്ലടിച്ചു. ചെന്നു നോക്കട്ടെ."