14 February 2018

ചൂരല്‍ചെടിയും ആല്‍മരവും

ഒരിക്കല്‍  ഒരു ചൂരല്‍ ചെടി ആകാശംമുട്ടെ പടര്‍ന്നുപന്തലിച്ചു വളര്‍ന്നുനിന്നിരുന്ന  വലിയ ഒരു ആല്‍ മരത്തില്‍ ചുറ്റിപ്പടര്‍ന്നു കയറി. ക്രമേണ അത് ആ ആല്‍മരത്തിന്‍റെ ശാഖോപശാഖകളിലൂടെയും അവയ്ക്കിടയിലൂടെയും അതിവേഗം വളര്‍ന്നു വളര്‍ന്ന് ആ ആലിന്‍റെ തലപ്പത്തുവരെ എത്തി. ആലിന്‍റെ ഇലകളെയെല്ലാം ആ ചൂരല്‍ചെടിയുടെ ഇലകളാല്‍ ആവരണം ചെയ്യപ്പെട്ടപ്പോള്‍ ആ  ആലിനുതന്നെ ഒരു പുതിയ രൂപവും ഭാവവും വന്നുചേര്‍ന്നു. അതുവരെ അവിടെയൊരു ആല്‍മരം ഉണ്ടായിരുന്നു എന്ന സത്യംപോലും തിരിച്ചറിയാതെയിരുന്നവര്‍ ഈ പുതിയ പ്രതിഭാസത്തില്‍ ആകൃഷ്ടരായി. അവര്‍ അതിനുചുറ്റും തടിച്ചുകൂടി.

ദൂരെനിന്ന ചിലര്‍ ആ ആലിനെ തരിമ്പും കാണാതെ ചൂരല്‍ചെടിയെ മാത്രം ദര്‍ശിച്ചു. അവരോതി അഹോ! എത്ര വലിയ ചൂരല്‍മരം!

മറ്റുചിലര്‍ കത്തിയുമായി വന്ന് ആ ചൂരല്‍ചെടിയുടെ ചില ചെറിയ വള്ളികള്‍ മുറിച്ചെടുത്ത് പലരീതിയില്‍ പലതിനുമായി അവര്‍ക്കോരോരുത്തര്‍ക്കും ഉതകുന്ന രീതിയില്‍ അവയെ ഉപയോഗപ്പെടുത്തി.

ചിലര്‍ അതിന്‍റെ അകക്കാമ്പ് വലിച്ചെറിഞ്ഞ്, പുറം മാത്രം ചീകിയെടുത്ത് ചെത്തിമിനുക്കി പല അലങ്കാര വസ്തുക്കളും നിര്‍മ്മിച്ച്‌ തന്നിലും തനിക്കുചുറ്റും തൂക്കിയിട്ടു. അതില്‍ മേനിനടിച്ചു.

ചിലര്‍ ആ മുറിച്ചെടുത്ത ചൂരല്‍ വള്ളികളെ തങ്ങള്‍ക്കു ചേരുന്ന രീതിയില്‍ വളച്ചും, തിരിച്ചും, ഒടിച്ചും പലതരത്തിലും വലിപ്പത്തിലുമുള്ള ഇരിപ്പിടങ്ങള്‍ സൃഷ്ടിച്ച് അവയില്‍ ഉപവിഷ്ടരായി ഞെളിഞ്ഞിരുന്നു കാലം പോക്കി.

ചിലര്‍ അതിനെ ചെത്തിമിനുക്കി നേര്‍വഴി കാട്ടുവാനുള്ള ചൂണ്ടുവടിയായി ഉപയോഗിച്ചപ്പോള്‍ മറ്റുചിലര്‍ അതിനെ അടികൊടുത്തു നേര്‍വഴി നടത്തുവാനുള്ള ചൂരല്‍ വടിയാക്കി മാറ്റി.

ജീവിത സായാഹ്നത്തില്‍ മറ്റൊന്നിന്‍റെയും, മറ്റാരുടെയും  ആശ്രയം ലഭിക്കാതെ  പകച്ചുനിന്ന സന്ദര്‍ഭത്തില്‍ ഒരുതാങ്ങായി മുന്നോട്ടുള്ള യാത്ര ആയാസരഹിതമാക്കുവാന്‍  ഉപകരിക്കുന്ന ഒരു താങ്ങുവടിയായും അതിനെ ചിലര്‍ ഉപയോഗപ്പെടുത്തി.

ചിലര്‍ ആ ചൂരല്‍ചെടിയില്‍ നിന്നും ചില ഉണങ്ങിയ കമ്പുകള്‍ മാത്രം ഒടിച്ചെടുത്ത് പൂജാമുറിയില്‍ പൂജാസമയത്ത് ഉപയോഗിക്കുവാനായി സൂക്ഷിച്ചുവച്ചു. അവര്‍ അറിയുന്നില്ലല്ലോ ആ ഉണങ്ങിയ ചില്ലികള്‍ വളരെ നാള്‍ മുമ്പുതന്നെ വെള്ളവും വളവും നല്‍കാതെ ഉപേക്ഷിക്കുവാന്‍ വേണ്ടി ചൂരല്‍ചെടി തന്നെ ഉണക്കിക്കളഞ്ഞ ചില അനാവശ്യ ചില്ലകള്‍ ആയിരുന്നുവെന്ന സത്യം.

ചിലര്‍ക്ക് ആ ചൂരല്‍ ചെടിയിലെ മുള്ളുകളോടായിരുന്നു താത്പര്യം. അവര്‍ അവ അടര്‍ത്തിയെടുത്ത്‌ മറ്റുള്ളവരെ ഇടയ്ക്കിടയ്ക്ക് കുത്തിവേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തി.

വളരെ കുറച്ചുപേര്‍ മാത്രം ആ ചൂരല്‍ വള്ളികളില്‍ പിടിച്ച് അതിലൂടെ മുകളിലേയ്ക്ക് കയറി. ആദ്യമാദ്യമൊക്കെ അതിലെ മുള്ളുകള്‍ ചെറിയ ചെറിയ മുറിവുകള്‍ ഏല്‍പ്പിച്ചു വേദനിപ്പിച്ചു. ക്രമേണ അത്തരം മുറിവുകള്‍ താനെ അപ്രത്യക്ഷമായി ഒപ്പം അതിലെ മുള്ളുകളും. അങ്ങിനെ മുകളിലേക്ക് കയറിയവര്‍ ആലിനെ കണ്ടും, അറിഞ്ഞും അനുഭവിച്ചും മനസ്സിലാക്കി. അതിന്‍റെ ഏറ്റവും മുകളില്‍നിന്നും താഴേക്കു നോക്കിയപ്പോള്‍ അവര്‍ ഇന്നുവരെ വലുതെന്നു വിച്ചാരിച്ചിരുന്നതെല്ലാം വളരെ ചെറുതായിക്കണ്ടു. അതവരെ മാറിചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. അതോടെ അവരുടെ ജീവിതവീക്ഷണവും, ചിന്തയും, വിചാരവുമെല്ലാം ഒരു വലിയ മാറ്റത്തിന് വിധേയമായി. ജീവിതം ധന്യമായി.

ആ ആല്‍മരം അദ്വൈതമായിരുന്നു. ആ ചൂരല്‍ചെടിയാകട്ടെ നാരായണഗുരുവും.