20 March 2018

ഒരു കുളവും അതിലും വലിയൊരു കുടരൂപിയും


തൊടിയില്‍ കുളങ്ങള്‍ രണ്ടുണ്ടായിരുന്നു.

പാറ പൊട്ടിച്ചപ്പോള്‍ സ്വയംഭുവായവ.

ഒന്നില്‍ വളരെ നിര്‍മ്മലമായ ശുദ്ധജലം. അടുത്തതിന്‍റെ അടുത്തേയ്ക്കുപോലും അടുക്കുവാന്‍ വയ്യാത്തത്ര വൃത്തിഹീനവും ദുര്‍ഗന്ധപൂരിതവും.

എന്നോ ആരോ വലിച്ചെറിഞ്ഞ പൂജാപുഷ്പങ്ങള്‍ക്കിടയില്‍ നിന്നും ഒരു താമര അതില്‍ മുളച്ചുവന്നു. ക്രമേണ അതുവളര്‍ന്നു വ്യാപിച്ചു. താമസിയാതെ താമരയിലകളാല്‍ കുളം നിറഞ്ഞു. ഒട്ടുവളരെ താമരമൊട്ടുകള്‍ പൊന്തിവരുകയും വിരിയുകയും ചെയ്തു. പക്ഷേ ... കുളത്തിന്‍റെ അടിയില്‍ അനേകായിരമായി കുടുംബസമേതം പാര്‍ത്തിരുന്ന കൃമികീടങ്ങള്‍ അതിലൊരു പൂമൊട്ടിനെപ്പോലും വൈകൃതമാക്കാതെ വിരിയാന്‍ അനുവദിച്ചില്ല. അങ്ങിനെ വിരിഞ്ഞ ഇലകളും, മൊട്ടുകളും പൂവുകളും അതിലെ ജലവുമെല്ലാംകൂടി ആ കുളത്തിനെ എല്ലാവരും വെറുക്കുന്ന ഒന്നാക്കി മാറ്റി. അടിയിലെ കീടങ്ങള്‍ അവയായിരുന്നല്ലോ ഇതിന്‍റെയെല്ലാം പിന്നില്‍.

ഒരുദിവസം അതുസംഭവിച്ചു. അറിഞ്ഞവര്‍, കേട്ടറിഞ്ഞവര്‍ കൂട്ടത്തോടെ ആ കുളത്തിന്‍റെ  കരയിലേക്ക് ഓടി. അതിനുചുറ്റും തടിച്ചുകൂടി. ദുര്‍ഗന്ധം ആര്‍ക്കുമൊരു പ്രശനമാല്ലതായി. അല്ലാവരും ആ അത്ഭുതം നേരില്‍കാണുവാനായി തിരക്കുകൂട്ടി. എല്ലാവരാലും ഇന്നലെവരെ വെറുക്കപ്പെട്ടിരുന്ന ആ കുളത്തിന്‍റെ ഒത്തനടുവില്‍ അതാ മുത്തുക്കുടപോലെ, അല്ല, അതിലും വലിപ്പത്തില്‍ എന്തോ ഒന്ന് വളര്‍ന്നുവന്നിരിക്കുന്നു. ഒരു വിചിത്ര കുടരൂപി!

അത് കൂണാണെന്നു ചിലര്‍. ഇത്രവലിപ്പമോ? എന്നു മറ്റുചിലര്‍. തര്‍ക്കം തുടരവേ ദിനങ്ങള്‍ പലതും കൊഴിഞ്ഞുപോയി. ഒപ്പം പല മാറ്റങ്ങളും മാറിമാറിവന്നു. ദിനംപ്രതി ആ അത്ഭുത കുടരൂപി വലുതായിക്കൊണ്ടേയിരുന്നു. അതിന്‍റെ കുടയുടെ വലിപ്പം കുളത്തിനേക്കാള്‍ വലുതായി. മാത്രമല്ല കുളം നിറയെ പുതിയ മനോഹരമായ താമരകളും വിരിഞ്ഞു. അത്ഭുതമെന്നല്ലാതെന്തു പറയാന്‍ ഒരു പൂവിനുപോലും ഒരഭംഗിയുമില്ലായിരുന്നു. എവിടെപ്പോയി ആ കീടങ്ങളെല്ലാം? ജനം അമ്പരന്നു.

എല്ലാം ആ അതിശയ കുടരൂപിയുടെ വിസ്മയം തന്നെ, ജനം ഏറ്റുപറഞ്ഞു. പിന്നീടവിടെയൊരു തിക്കുംതിരക്കുമായിരുന്നു. കുളത്തില്‍നിന്നും വിരിഞ്ഞ താമാരകളും, വിരിയാത്ത മൊട്ടുകളും കൊണ്ടുപോയി സ്വന്തം സ്വീകരണമുറി അലങ്കരിക്കാന്‍. ഇതുരണ്ടും കിട്ടാത്ത ചിലര്‍ താമരചെടികള്‍ വരെ മൂടോടെ പിഴുതെടുത്ത് സ്വന്തം തൊടിയില്‍ നട്ടു. അപ്പോഴും ആ അതിശയ കുടരൂപി അതിന്‍റെ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു.

എല്ലാം പെട്ടന്നായിരുന്നു. പൂവുകളും, മൊട്ടുകളും, ചെടികളുമെല്ലാം കൊണ്ടുപോയവര്‍ അവരറിയാതെ മറ്റൊന്നുകൂടി ഒപ്പം കൊണ്ടുപോയിരുന്നു. കുളത്തിലെ ദുര്‍ഗന്ധം. അത് അവയെ ഒരിക്കലും വിട്ടുമാറിയില്ല. എല്ലാവരുടെയും സ്വീകരണമുറിയും, തൊടിയും കടന്ന് അതാഗ്രാമം മുഴുവന്‍ വ്യാപിച്ചു. സഹിക്കവയ്യാതെ ഓരോരുത്തരായി അവര്‍ കൊണ്ടുപോയതെല്ലാം തിരികെ കുളത്തില്‍ വലിച്ചെറിയാന്‍  തിരക്കുകൂട്ടി.

കുളത്തിന്‍റെ കരയില്‍ തടിച്ചുകൂടിയവര്‍   മറ്റൊരു മഹാസംഭവം കണ്ട്  ഞെട്ടിത്തരിച്ചു. കുളത്തിലെ എല്ലാ താമരയിലകളും,മൊട്ടുകളും, പൂവുകളും ഒരിക്കല്‍ക്കൂടി പഴയതുപോലെ വികൃതമാക്കപ്പെട്ടിരിക്കുന്നു. പൂര്‍ണ്ണമായും കുളത്തില്‍നിന്നും അപ്രത്യക്ഷമായി എന്നുകരുതിയിരുന്ന കൃമികീടങ്ങളെല്ലാം പതിന്മടങ്ങ്‌ ശക്തിപ്രാപിച്ച് ആ കുളത്തിന്‍റെ നടുവില്‍ എല്ലാവരാലും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി പ്രശോഭിച്ചു നിന്നിരുന്ന ആ കുടരൂപിയിലാകെ ശുഷിരങ്ങള്‍ തീര്‍ത്ത് അതിലൂടെ ചാടിത്തിമിര്‍ക്കുന്നു, ആ കുടരൂപിയാകട്ടെ എല്ലാപ്രസരിപ്പും നഷ്ടപ്പെട്ട് നിറം മങ്ങി  കരുവാളിച്ച്‌ വികൃതമായി ഇപ്പോള്‍ നിലംപതിക്കും എന്നരീതിയില്‍ നില്‍ക്കുന്നു.

അപ്പോള്‍ കുഞ്ഞുപാത്തുമ്മ അത് 'കുയ്യാന'  ആയിരുന്നു എന്നുപറഞ്ഞതുപോലെ ഏതോ ഒരു കുട്ടി വിളിച്ചുകൂവി “അതുവെറുമൊരു കൂണായിരുന്നേ... .”