06 March 2019

അങ്ങിനെ അതൊരു സംഭവമായി

രാവിലെ പല്ലുപോലും തേക്കാതെ കട്ടന്‍ മോന്തിക്കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഭാര്യയുടെ അശിരീരി.
"മാലതിക്ക് ആണ്‍കുട്ടി പിറന്നു. ഭാഗ്യ നക്ഷത്രമാ ചതയം."
"ചതയത്തിന് ചതച്ചുകുത്തി പെയ്യും. അല്ലാതെന്താ. " ഞാനും പ്രതികരിച്ചു.
"പോ മനുഷ്യാ, ചതയത്തിനാ ശ്രീനാരായണഗുരു ജനിച്ചത് ". ഭാര്യ മൊഴിഞ്ഞു
"അതിന് ഇന്ന് ചതയമാ?"
"പിന്നെ. ഇന്ന് ചതയം. ദാ കലണ്ടറില്‍ വന്നുനോക്ക് "
"ദൈവമേ, ഗുരുദേവന്‍റെ ജന്മദിനം ഞാന്‍ മറന്നുപോയോ?" അറിയാതെ പറഞ്ഞുപോയി .
മറ്റാരും ഏറ്റെടുക്കാനില്ലാതെ വന്നപ്പോള്‍ വിവരദോഷം ഭൂഷണമായി കൊണ്ടുനടക്കുന്ന എന്നെ (ഇതു വായിക്കുമ്പോള്‍ അതുമനസ്സിലാകും ) അവര്‍ സംഘടനയുടെ പ്രസിഡന്‍റാക്കി. പ്രസിഡന്‍റായത്തിനു ശേഷം ഒത്തുവന്ന ഈ സുവര്‍ണ്ണാവസരം  ഒരാഘോഷമാക്കി മാറ്റുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
 തിരുവായ്ക്ക് എതിര്‍വാ പറയാത്ത എന്‍റെ ശിങ്കിടികള്‍ എന്തിനും തയാറായി നില്‍ക്കുമ്പോള്‍ മറ്റൊന്നും പറയാതെ ഞാന്‍ വിളിച്ചുകൂവി,
"നമുക്കാഘോഷിക്കണം ".
കേട്ടപാതി കേള്‍ക്കാത്തപാതി എല്ലാവരും അമ്പലത്തില്‍ ഒത്തുകൂടി. കൊടിതോരണങ്ങള്‍ വലിച്ചുകെട്ടി.
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ കൊളംബികളിലൂടെ  ഗുരുദേവ കീര്‍ത്തനങ്ങള്‍, അരങ്ങിന് കൊഴുപ്പേറാന്‍.
പിന്നീടാഘോഷങ്ങള്‍ പൊടിപൊടിച്ചു. കൂട്ടത്തില്‍ എന്‍റെ ഒരു (അധിക) പ്രസംഗവും.
ഒരാളുപോലും ചോദിച്ചില്ല എന്താ വിശേഷം എന്ന്. എന്നിട്ടും എല്ലാവരും സന്തോഷത്തോടെ പരിപാടിയില്‍ പങ്കെടുത്തു.
എല്ലാം കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്‍പില്‍ ആടുതോമയെപ്പോലെ മുണ്ടും മടക്കിക്കുത്തി ഗമയില്‍ നില്‍ക്കുമ്പോള്‍ അതാവരുന്നു  ആ പഴയ അദ്ധ്യാപകന്‍.
"നീ വിദ്യാ സാഗറല്ലടാ, വിദ്യയുടെ പൊട്ടക്കിണാറാ" എന്നോതി പള്ളിക്കൂടത്തില്‍ വരുന്നതിന്‍റെ അര്‍ത്ഥശൂന്യത പണ്ടേ മനസ്സിലാക്കിത്തന്ന ആ മഹാനായ ഗുരുവിന്‍റെ മുന്‍പില്‍ ഒരു ജേതാവിനെപ്പോലെ ഞാന്‍ നിന്നു.
"എന്തായിരുന്നു ഇന്നു വിശേഷം?" ഗൗരവത്തോടെയുള്ള ആ ചോദ്യത്തിന് ഒട്ടും ഗൗരവം വിടാതെ ഞാന്‍ തിരിച്ചു ചോദിച്ചു,
"അതുപോലും അങ്ങേയ്ക്ക് അറിയില്ലേ? ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത?"
"ഇല്ല. എന്താ പ്രത്യേകത?"
"ഗുരുദേവന്‍ ജനിച്ചതെന്നാ?"
"ചതയത്തിന് "
"എന്നാല്‍ ഇന്ന് ചതയമാ" ഞാന്‍ അറിവിന്‍റെ ഭണ്ഡാരം തുറന്നു.
"ഗുരുദേവന്‍ ജനിച്ചത് ചിങ്ങമാസത്തിലെ ചതയത്തിനാ അല്ലാതെ മിഥുനമാസത്തിലെ ചതയത്തിനല്ല." ഗുരു ഒരിക്കല്‍ക്കൂടി എന്നെ പൊട്ടക്കിണറാക്കി.
 "അതെനിക്കറിയാം. ഇന്നുമുതല്‍ എല്ലാ ചതയവും ഞങ്ങള്‍ ആഘോഷിക്കും." ജാള്യത മറച്ചുവെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
മുന്‍പിന്‍ തിരിഞ്ഞുനോക്കാതെ പിന്നെ ഒരു നടത്താമായിരുന്നു, ഞാനും ഗുരുവും രണ്ടുവഴിക്ക്‌.
കാലം പലതും പിന്നെയും കടന്നുപോയി.
അന്നെന്‍റെ കൂടെ പരിപാടിയില്‍ പങ്കെടുത്ത പലരും പലവഴി പിരിഞ്ഞു. പോയവര്‍ ചെന്നെത്തിയ ഇടങ്ങളിലെല്ലാം എല്ലാമാസവും ചതയാഘോഷങ്ങളും തുടങ്ങി. ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഞാന്‍ മാത്രം ഇതില്‍നിന്നെല്ലാം വിട്ടുമാറി ഒരാഘോഷത്തിലും പങ്കെടുക്കാതെ കഴിയുന്നു. കുറ്റബോധം കൊണ്ടാണന്നു കരുതിക്കോ.

കുറിപ്പ്:
ഇതിന്‍റെ പേരില്‍ എന്നെ ആരെങ്കിലും കല്ലെറിഞ്ഞാല്‍, ആ കല്ലൊരു കുറിപ്പില്‍ പൊതിഞ്ഞ് തിരിച്ചെറിയും. ചാത്തന്മാരെ ഓടിക്കാന്‍ ഗുരുദേവന്‍ പണ്ടേ പറഞ്ഞുതന്ന മാര്‍ഗ്ഗമാണല്ലോ അത്. 

No comments: