22 February 2018

എന്‍റെകൂടെ ഒരു ഭൂതം ഉണ്ട്!


എന്താ വിശ്വാസം വരുന്നില്ലേ? എന്‍റെകൂടെ മാത്രമല്ല നമ്മുടെ എല്ലാവരുടേയും കൂടെ ഭൂതങ്ങളുണ്ട്‌. ഒരുവീട്ടില്‍ ഒരു ഭൂതമെങ്കിലും കാണും. പേടിക്കണ്ട കാര്യമില്ല, അവര്‍ വെറും പാവങ്ങളാണ്, ആരെയും ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ചെയ്യില്ല. ചിലപ്പോഴൊക്ക അത്തരം ഭൂതങ്ങള്‍ നമ്മളെ കുരങ്ങുകളിപ്പിക്കും എന്നുമാത്രം.

സത്യം പറയണമല്ലോ, ഇന്നേവരെ ഈ ഭൂതത്തിനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. ഇവനെ മാത്രമല്ല ഒന്നിനേയും. പക്ഷെ എനിക്കറിയാം ഇവന്‍ എന്‍റെ കൂടെത്തന്നെ ഉണ്ടെന്ന സത്യം. മിക്കപ്പോഴും നമ്മുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ള പണികളായിരിക്കും അവന്‍ ഒപ്പിക്കുക. എന്തോ നമ്മള്‍ ദേഷ്യപ്പെടുന്നത് കാണാന്‍ അവന് വളരെ ഇഷ്ടമാണെന്ന് തോന്നുന്നു. ചിലപ്പോള്‍ നമ്മള്‍ കുട്ടികളെ വെറുതേ ദേഷ്യം പിടിപ്പിക്കറില്ലേ? അതും ഇതും അടുത്തു മാറ്റി വെച്ചിട്ട്? നോക്കുമ്പോള്‍ കാണാതെ വരുമ്പോള്‍ കുട്ടികള്‍ ദേഷ്യപ്പെടും. അവര്‍ ദേഷ്യപ്പെടുമ്പോള്‍ നമ്മള്‍ ചിരിക്കും അതുപോലെതന്നെയാണ് ഈ ഭൂതങ്ങള്‍ നമ്മളെ കളിപ്പിക്കുന്നതും, ദേഷ്യം പിടിപ്പിക്കുന്നതും.

“ഇപ്പോള്‍ ഞാന്‍ എടുത്തതാ.”
“ഇവിടെത്തന്നെ ഉണ്ടായിരുന്നു”
“അതെവിടെപ്പോയി?”
“നീയെടുത്തോ?”
“ഒരു സാധനവും നോക്കിയാല്‍ കാണത്തില്ല”
“എവിടെക്കൊണ്ടിട്ടിരിക്കുകയാണോ?”
“അതെവിടെപ്പോയി?”

ഇതുപോലുള്ള ഏതെങ്കിലും ഒരു ഡയലോഗ് ദിവസത്തില്‍ ഒരിക്കലെങ്കിലും പറയാത്തവരാരെങ്കിലുമുണ്ടോ?
അത്യാവശ്യമായി ഒരു സാധനം തിരയുമ്പോള്‍ അത് വച്ചിരുന്ന സ്ഥലത്ത് കാണില്ല. എല്ലായിടവും അരിച്ചുപെറുക്കി ക്ഷമയുടെ നെല്ലിപ്പലകയിലെത്തി നില്‍ക്കുമ്പോള്‍ അത് സംഭവിക്കും. നമ്മള്‍ ഇത്രനേരവും അവിടെയിവിടെയെല്ലാം തിരഞ്ഞുനടന്ന ആ സാധനം അതാ നമ്മുടെ നേരെ മുന്‍പില്‍ തന്നെയിരിക്കുന്നു!

“ഇവിടെയും ഞാന്‍ നേരത്തേ നോക്കിയതായിരുന്നല്ലോ? അപ്പോള്‍ അതിവിടെയില്ലായിരുന്നല്ലോ? പിന്നെങ്ങിനെ ഇവിടെ ഇതു വന്നു? ആരോ മനപൂര്‍വ്വം പണിതന്നതാണല്ലോ.” മനസ്സില്‍ സംശയം ബാക്കി.

എഴുതിക്കൊണ്ടിരുന്ന പേന കാണാതെ പോകുക.
ഉപയോഗിച്ചുകൊണ്ടിരുന്ന കത്തി തപ്പി നടക്കുക.
പോസ്റ്റ്‌ ചെയ്യുവാന്‍ തയാറാക്കി മേശപ്പുറത്തുവച്ചിരുന്ന കത്ത് മറ്റൊരിടത്തുനിന്നും കണ്ടുകിട്ടുക. (സത്യമായിട്ടും ഞാന്‍ ഈ മേശപ്പുറത്തു തന്നെയാ വച്ചത്)
പത്രം വായിച്ചുകൊണ്ടിരുന്ന കണ്ണട പരതി വിഷമിക്കുക

ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. എല്ലാത്തിന്‍റെയും പരിസമാപ്തിയാണതിലും രസകരം. നേരെ മുമ്പിലോ അതല്ലെങ്കില്‍ എവിടെയാണോ അത് സ്ഥിരം വയ്ക്കുന്നത് അവിടെയോ, അതുമല്ലെങ്കില്‍ നേരത്തേ പലപ്രാവശ്യം തപ്പിയ അതേ സ്ഥലത്തുനിന്നുതന്നെ അത് കണ്ടുകിട്ടും. അപ്പോഴും സംശയം ബാക്കി, “ആര് കൊണ്ടുവന്നു വെച്ചു?”
“എന്നെ കളിപ്പിക്കാന്‍വേണ്ടി ആരോ മനപൂര്‍വ്വം ചെയ്യുന്നതാണ് ഇതൊക്കെ” എന്ന തോന്നല്‍ ശക്തമാകും.

അതാണ്‌ അറിവ്. ഇതൊക്കെ ഭൂതം ചെയ്യുന്നതാണെന്ന അറിവ്. ഭൂതം കൂടെയുണ്ട് എന്ന അറിവ്. ഈ അറിവു നേടിയാല്‍പിന്നെ എന്തെങ്കിലും കാണാതെ പോയാല്‍ ഒട്ടും ദേഷ്യം തോന്നുകയില്ല. “എടാ കള്ള ഭൂതമേ മര്യാദയ്ക്ക് ഇവിടെ കൊണ്ടുവാ” എന്നേ പറയൂ. “എവിടെ പോവാനാ അതവിടെത്തന്നെ കാണും” എന്ന ആത്മവിശ്വാസം ഉള്ളില്‍ നിറയും.
ഈ അറിവ് നമ്മെ മറ്റൊരു അറിവിലേയ്ക്ക് നയിക്കും, “എന്‍റെകൂടെ ഒരു ഭൂതം ഉണ്ട്” എന്ന തിരിച്ചറിവ്.

ഭൂതപുരാണം ഇവിടെ അവസാനിക്കുന്നില്ല. തുടരും.

No comments: